ഇന്‍ഡിവുഡ് ഫിലിം സൊസൈറ്റിയുടെ കീഴില്‍ കോയമ്പത്തൂര്‍ എ. ജെ .കെ കോളേജില്‍ ഫിലിം ക്ലബ്ബും അന്താരാഷ്ട്ര ക്യാമ്പസ് ചലച്ചിത്ര മേളയും ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ഫിലിം ക്ലബ്ബിന്റെയും ചലച്ചിത്ര മേളയുടെയും ഉദ്ഘാടനം മലയാള സിനിമാ താരം വിയാൻ നിര്‍വഹിച്ചു. എ. ജെ .കെ കോളേജ് ചെയര്‍മാന്‍ അജീത് കുമാര്‍ ലാല്‍ മോഹന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കോളേജ് ഫിലിം ക്ലബ്ബില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന 73 വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായി. പരിപാടിയുടെ ഭാഗമായി സിനിമ വ്യവസായത്തെക്കുറിച്ച് മനസിലാക്കുന്നതിനും മേഖലയിൽ മികവ് തെളിയിച്ചവരെ കുറച്ച് പഠിക്കുന്നതിനും സഹായിക്കുന്ന ചര്‍ച്ച നടത്തി. അഭിനയം, സംവിധാനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ചര്‍ച്ച നടന്നത്.

പരിസ്ഥിതി ഹ്രസ്വചിത്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി ”ബ്ലാക്ക് സാന്‍ഡ്’ എന്ന പരിസ്ഥിതി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. സോഹന്‍ റോയ് സംവിധാനവും അഭിനി സോഹന്‍ റോയ് നിര്‍മാണവും നിര്‍വഹിച്ച ഓസ്‌കാറിന് തിരഞ്ഞെടുക്കപ്പെട്ട ഡോക്യൂമെന്ററിയാണ് ‘ബ്ലാക്ക് സാന്‍ഡ് ‘. കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന മണല്‍ ഖനനത്തെക്കുറിച്ചും അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും, കുടിയൊഴിപ്പിക്കലിനെക്കുറിച്ചും പറയുന്ന ഹ്രസ്വചിത്രമാണിത്.

വിദ്യാര്‍ത്ഥികളിലെ സിനിമാ അഭിരുചികള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് രൂപം കൊടുത്തതാണ് ഇന്‍ഡിവുഡ് ഫിലിം സൊസൈറ്റി. വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്താനും പരിസ്ഥിതി സംരക്ഷണത്തിന് പ്രേരിപ്പിക്കാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതി ഉണ്ടെന്ന ഭാരവാഹികൾ അറിയിച്ചു.